---
title: "പ്രതികള്‍ ഹവാലാ ഇടപാടിലും കണ്ണികള്‍? യൂത്ത് കോൺഗ്രസ് നേതാവിന്റെ തൂഫാന്‍ കേസ്; രാഷ്ട്രീയ നേതാക്കളുമായും ലക്ഷങ്ങളുടെ ഇടപാടെന്ന് സൂചന"
english_title: "Kasaragod MDMA Case: Accused Linked To Hawala, Foreign Trips Under NCB Scanner"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378471/ kasaragod-mdma-case-hawala-foreign-trips-ncb-probe"
published_at: "2026-08-14T12:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7eb86a9e0dc_kasaragod-mdma-case-hawala-foreign-trips-ncb-probe.jpg"
keywords: ["Kasargod MDMA Arrest", "Youth Congress Leader", "Abdul Salam", "Hawala Drug"]
---

# പ്രതികള്‍ ഹവാലാ ഇടപാടിലും കണ്ണികള്‍? യൂത്ത് കോൺഗ്രസ് നേതാവിന്റെ തൂഫാന്‍ കേസ്; രാഷ്ട്രീയ നേതാക്കളുമായും ലക്ഷങ്ങളുടെ ഇടപാടെന്ന് സൂചന

> **Lead Summary:** **കാസർകോട്: ** മുഖ്യമന്ത്രി വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എന്ന് അവകാശപ്പെടുന്ന ആൾ പ്രതിയായ കാസർകോട് എംഡിഎംഎ കേസിലെ പ്രതികൾ ഹവാല ഇടപാടിലും കണ്ണികളാണെന്നാണ് വിവരം. രാഷ്ട്രീയ നേതാക്കളുമായി ലക്ഷങ്ങളുടെ ഇടപാട് നടത്തിയതായും സൂചനയുണ്ട്.

## Article Content

**കാസർകോട്: ** മുഖ്യമന്ത്രി വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എന്ന് അവകാശപ്പെടുന്ന ആൾ പ്രതിയായ കാസർകോട് എംഡിഎംഎ കേസിലെ പ്രതികൾ ഹവാല ഇടപാടിലും കണ്ണികളാണെന്നാണ് വിവരം. രാഷ്ട്രീയ നേതാക്കളുമായി ലക്ഷങ്ങളുടെ ഇടപാട് നടത്തിയതായും സൂചനയുണ്ട്.

എൻസിബി പറയുന്നതനുസരിച്ച്, പ്രതികളുടെ വിദേശ യാത്രകളിലും ദുരൂഹതയുള്ളതിനാൽ അതും പരിശോധിക്കാനാണ് നീക്കം. വിദേശത്ത് നിന്നും ലഹരി എത്തിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി പ്രതികളുടെ വിദേശയാത്രകൾ എൻസിബി നിരീക്ഷിച്ചുവരികയാണ്.  കേസിലെ പ്രതി അബ്ദുൾ സലാം തായ്ലൻഡിലേക്ക് ഉൾപ്പെടെ നടത്തിയ യാത്രകൾ എൻസിബി പരിശോധിക്കും.

പ്രതികൾ രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് നേതാക്കളുടെ മറപറ്റി മയക്കുമരുന്ന് കടത്തിയതായും സൂചനയുണ്ട്. വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എന്ന് അവകാശപ്പെടുന്ന ഹുസൈൻ പ്രധാനിയാണെന്നും പ്രതികൾ അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണെന്നുമാണ് റിപ്പോർട്ട്. ആന്ധ്ര, കർണാടക മയക്കുമരുന്ന് മാഫിയുമായാണ് പ്രതികൾക്ക് ബന്ധമെന്നും എൻസിബി വൃത്തങ്ങൾ സൂചിപ്പിച്ചു.

സൈനുൽ ആബിദ് ലഹരിക്കടത്തിലെ മുഖ്യ ആസൂത്രകനാണെന്നും നിരവധി ലഹരി കേസിലെ പ്രതിയാണെന്നുമാണ് കണ്ടെത്തൽ. ലഹരിക്കടത്തിന് പിന്നിൽ വൻ റാക്കറ്റുകൾ ഉണ്ടെന്നാണ് സൂചന. എറണാകുളത്തേക്ക് എംഡിഎംഎ എത്തിച്ചുനൽകിയത് ഇതരസംസ്ഥാനക്കാരിയായ യുവതിയാണെന്നും ഊബർ കാറുകൾ ഉപയോഗിച്ചാണ് ലഹരിക്കടത്തുകൾ നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമം നടന്നെന്നാണ് സൂചന. യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹുസൈൻ അറസ്റ്റിലായ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെ സാക്ഷികളായതിൽ ദുരൂഹതയുണ്ടെന്നും വിവരമുണ്ട്. ലഹരി മരുന്ന് പിടികൂടുമ്പോൾ സ്ഥലത്ത് ഇല്ലാത്ത നേതാക്കളാണ് സീസർ മഹസറിൽ ഒപ്പുവെച്ചതെന്നതാണ് സംശയം ജനിപ്പിക്കുന്നത്.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ നാല് പേരായിരുന്നു സാക്ഷികൾ. കോടതിയിൽ സാക്ഷികൾ കൂറുമാറിയാൽ കേസ് പ്രതികൾക്ക് അനുകൂലമാകുമെന്നതാണ് പ്രധാന ആശങ്ക. ഇതിനെ തുടർന്നാണ് പ്രതിപക്ഷ യുവജന സംഘടനകൾ അടക്കം ഇതിൽ ദുരൂഹത ആരോപിച്ച് രംഗത്ത് വന്നത്.

**English Summary:**

In the Kasaragod MDMA case, NCB suspects accused have links to hawala transactions and foreign trips. The agency is probing foreign travel, including that of accused Abdul Salam to Thailand, to check if drugs were smuggled. Reports claim the accused have ties to Andhra and Karnataka drug mafia and used political connections. Investigators found MDMA was transported to Ernakulam via an out-of-state woman using Uber cars. Questions have also been raised over Youth Congress leaders being made witnesses despite not being present during the seizure.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378471/ kasaragod-mdma-case-hawala-foreign-trips-ncb-probe)